കൊട്ടാരക്കര : മുൻ കഞ്ചാവ് കേസിലെ പ്രതിയെ എക്സൈസ്കാരെന്ന വ്യാജേന തട്ടികൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട് മർദിച്ചവശനാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കരുനാഗപ്പള്ളി കെഎസ് പുരം ആദിനാട് തെക്ക് പുത്തൻ വീട്ടിൽ ഗുരുലാൽ (27), വള്ളിക്കുന്ന് രാമഞ്ചിറ കൊച്ചുവിള പടിയേറ്റതിൽ മുനീർ എന്ന് വിളിക്കുന്ന നസീർ (33), കരുനാഗപ്പള്ളി ആലിൻകടവ് പുത്തൻ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ഷാൻ (24) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 ഓടെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ പെരുംകുളം ബിജു ഭവനിൽ ബിജു (48)വിനെ എക്സൈസ് കാരെന്ന വ്യാജേന ഇയോൺ കാറിലെത്തിയ മൂന്നംഗ സംഘം കഞ്ചാവ് വില്പന നടത്തിയെന്നാരോപിച്ച് കാറിൽ കയറ്റി കൊണ്ട് പോയി മർദിച്ചവശനാക്കി ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു.
തുടർന്ന് ബിജു ഭാര്യയെ ഫോണിൽ ബന്ധപ്പെടുകയും തന്നെ തട്ടികൊണ്ട് പോയ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് നടന്ന വിലപേശലിൽ മോചന ദ്രവ്യം നാല്പതിനായിരം രൂപയ്ക്ക് പറഞ്ഞുറപ്പിക്കുകയും അന്ന് രാത്രി 12 ഓടെ ഭരണിക്കാവ് സിനിമാ പറമ്പ് പെട്രോൾ പമ്പിന് സമീപം ബിജുവിന്റെ ഭാര്യയുടെ കൈയിൽ നിന്നും പണം കൈപറ്റി സംഘം ഇയാളെ മോചിപ്പിക്കുകയായിരുന്നു.
മർദനമേറ്റ് അവശനായ ബിജു കൊട്ടാരക്കര പോലീസിൽ പരാതി നൽകിയ ശേഷം പിന്നീട് താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ബിജുവിനെ തട്ടികൊണ്ട് പോയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകന്റെ നിർദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി ജെ ജേക്കബ്, സി ഐ ബി ഗോപകുമാർ, എസ് ഐ സി. കെ മനോജ്, ക്രെം എസ് ഐ അരുൺ, കൊട്ടാരക്കര ഷാഡോ പോലീസ് ടീം അംഗങ്ങളായ എസ്ഐ ബിനോജ്, ആഷിർ കോഹൂർ, ഷാജഹാൻ, രാധാകൃഷ്ണപിള്ള, ശിവശങ്കരപിള്ള, അജയകുമാർ, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.