ആമ്പല്ലൂർ: മുളന്തുരുത്തി പെരുമ്പിള്ളിയിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ.
നടമ വില്ലേജ് ഈരയിൽ പാപ്പിയുടെ മകൻ ഇ.പി. ഹരീഷ് (30) ആണ് ഇന്നലെ അറസ്റ്റിലായത്. കൊലക്കേസിലെ പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് ഹരീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി (24)ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്.
സംഘത്തിൽപ്പെട്ട നോർത്ത് പറവൂർ, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടിൽ മിഥുൻ(25), മണകുന്നം വില്ലേജ് ഉദയംപേരൂർ പണ്ടാരപ്പാട്ടത്തിൽ ശരത്(27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടിൽ അതുൽ സുധാകരൻ (23) എന്നിവർ അറസ്റ്റിലായിരുന്നു.
ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെടാതിരുന്ന ഹരീഷ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികളെപ്പറ്റി ആശുപത്രിയിലേക്കുള്ള വഴിമധ്യേ ജോജി സൂചന നൽകിയിരുന്നു. സംഘത്തിലുണ്ടായിരുന്ന എരൂർ പാമ്പാടിത്താഴം വിഷ്ണു (27) ഒളിവിലാണ്.