കാട്ടാക്കട: ക്ഷേത്രത്തിൽ കയറി പൂജാരിയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. അന്തിയൂർക്കോണം നീറോട്ടുകോണം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തിയ മലയിൻകീഴ് ചിറ്റിയൂർക്കോട് ഹരി വിലാസത്തിൽ എസ്. ഹരികുമാറാണ് (47) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ കാലുകൾക്ക് സ്വാധീനമില്ലാത്ത സുരേന്ദ്രസ്വാമിയെ (43) മർദ്ദിച്ച ശേഷം ക്ഷേത്രത്തിലെ സാധനങ്ങൾ അടിച്ച് തകർക്കുകയായിരുന്നു. സ്വാമിയുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസാണ് സ്വാമിയെ ആശുപത്രിയിലെത്തിച്ചത്.
ദീപാരാധന കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന പൂജാരിയെ വാതിൽ തകർത്ത് അകത്ത് കയറിയ പ്രതി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. പൂജാപാത്രങ്ങൾ, വിളക്കുകൾ, എണ്ണ എന്നിവയും നശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിൽ പോയ ഹരിയെ ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ ചിട്ടിയൂർക്കോണത്ത് നിന്നാണ് പിടികൂടിയത്.