തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയായ അയിരൂർ സ്വദേശി കബീർ എന്ന ഹസൻ കുട്ടിയ്ക്കെതിരെ പോക്സോ, വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തും.
അതേസമയം പിടിക്കപ്പെടാതിരിക്കാൻ പ്രതി രൂപമാറ്റം വരുത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. സംഭവത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പഴനിയിൽ പോയ ഇയാൾ തല മൊട്ടയടിച്ചു. പിന്നീട് ഇയാൾ ആലുവയിൽ എത്തി തട്ടുകടയിൽ പണിയെടുത്തു.
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയായ ഹസന്‍കുട്ടിയുടെ മൊഴി. ഇയാൾ ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയെന്നാണ് പൊലീസ് പറയുന്നത്. മോഷണ കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
മുൻപ് കൊല്ലത്ത് റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികുട്ടിയെ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചു. പൊലീസ് എത്തിയപ്പോൾ കേസില്ല എന്ന് പറഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22നാണ് ഇയാൾ പുറത്തിറങ്ങിയത്. അതിനു പിന്നാലെയാണ് പേട്ടയിൽ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്.
ഫെബ്രുവരി 19ന് കൊല്ലത്തു നിന്ന് തന്പാനൂരെത്തിയ പ്രതി രാത്രി 12നും ഒന്നിനും ഇടയിലാണ് മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ വായ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയത്. കുട്ടികരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോള്‍ മരിച്ചുവെന്ന് കരുതി കുട്ടിയെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പോലീസിനെ സഹായിച്ചത്. ജയിൽ അധികൃതരാണ് പോക്സോ കേസിൽ പുറത്തിറങ്ങിയ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.