പാലക്കാട്: പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകൾ മോഷ്ടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. പോത്തുണ്ട് സ്വദേശി ദിനേശിനെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്.
വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും റോഡുകൾ ഒലിച്ചു പോയതോടെയാണ് നെല്ലിയാന്പതി ഒറ്റപ്പെട്ടുപോയത്. നെല്ലിയാന്പതിയിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ മാർഗമാണ് സ്ഥലത്തെത്തിച്ചത്.
മൂവായിരത്തിലധികം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് നെല്ലിയാന്പതിയിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നെന്മാറ മുതൽ നെല്ലിയാന്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകർന്നത്.