ന്യൂഡൽഹി: ചാരവൃത്തിയിൽ ഏർപ്പെട്ടെന്നു സംശയിക്കുന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹിയിൽ കസ്റ്റഡിയിലെടുത്തെന്നു റിപ്പോർട്ട്. സംഭവത്തിൽ വ്യോമസേന ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കസ്റ്റഡിയിലെന്നാണ് സൂചന.
വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതികവൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തതെന്നാണു റിപ്പോർട്ടുകൾ. അതേസമയം, ഫേസ്ബുക്കിൽ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് സമൂഹമാധ്യമമായ വാട്സ് ആപ്പിലൂടെ സുരക്ഷയെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്.
സാധാരണയായി നടക്കാറുള്ള കൗണ്ടർ നിരീക്ഷണത്തിലാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃർത്തികൾ സംബന്ധിച്ചു സൂചന ലഭിക്കുന്നത്. വിവരങ്ങൾ ചോർത്തിയത് പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
രണ്ടു ദിവസം മുന്‍പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇപ്പോൾ വ്യോമസേനാ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുന്നതിനാൽ കസ്റ്റഡിയിലായ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇയാൾ ആർക്കെങ്കിലും ചോർത്തി നൽകിയോ എന്ന കാര്യമാണ് ഇപ്പോൾ പ്രധാനമായി അന്വേഷിക്കുന്നത്.