വൈക്കം: സ്വകാര്യ ആശുപത്രിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആളുകളുടെ പണം അപരഹരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. വൈക്കം ചെമ്മനാകരി സ്വദേശി രാജേഷ് (39)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ എട്ടിന് വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം പുരണ്ട വസ്ത്രങ്ങളുമായി എറണാകുളം സ്വദേശി സെയ്ദി (43)നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
വസ്ത്രങ്ങൾ ഊരിമാറ്റിയശേഷം പരിശോധനകൾക്കായി ഫീസ് അടയ്ക്കേണ്ട കാര്യം സെയ്ദിനോട് പറഞ്ഞപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ ആറായിരത്തോളം രൂപയുണ്ടെന്നും പണമെടുക്കാനും ജീവനക്കാരോടു പറഞ്ഞിരുന്നു. എന്നാൽ, ഷർട്ട് തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആശുപത്രി തലയണകൾ വയ്ക്കുന്നതിനിടയിൽ രക്തം പുരണ്ട ഷർട്ട് കണ്ടെത്തിയെങ്കിലും അതിൽ പണം ഉണ്ടായിരുന്നില്ല.
ഇതുസംബന്ധിച്ച് സെയ്ദും ആശുപത്രി മാനേജ്മെന്റും വൈക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു തെളിവ് ശേഖരിച്ചു. ആശുപത്രി ജീവനക്കാരൻ ഒരു പൊതിയുമായി തലയണകൾ വയ്ക്കുന്ന മുറിയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങളും കാമറയിൽനിന്ന് പോലീസിന് ലഭിച്ചു.
സിസിടിവി കാമറയിൽ നിന്നു ലഭിച്ച തെളിവുകളുടേയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആശുപത്രി ജീവനക്കാരനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു.