അങ്കമാലി: ബൈക്കിലെത്തി മാലപൊട്ടിച്ചു കടക്കുന്ന മലപ്പുറം സ്വദേശി പിടിയിൽ. നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായ താനൂർ ചെമ്പന്റപുരയ്ക്കൽ ഇമ്രാൻ ഖാനെ(33)യാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കാക്കനാട് താമസിക്കുന്ന പ്രതി 65 പവനോളം കവർന്നതായി പോലീസ് അറിയിച്ചു.
അങ്കമാലി, നെടുമ്പാശേരി, കളമശേരി, തൃക്കാക്കര, പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ 27 കേസുകൾ നിലവിലുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് ജയിലിൽ സിം കാർഡ് എത്തിച്ചുനൽകിയ കേസിലും ഇയാൾ പ്രതിയാണ്.
തൃശൂർ പേരാമംഗലം ഭാഗത്ത് മാലപ്പൊട്ടിച്ചശേഷം ബൈക്കിൽ മടങ്ങവേ ബൈക്ക് മറിഞ്ഞിരുന്നു. കൃത്യത്തിനുശേഷം അമിതവേഗത്തിൽ രക്ഷപെടാനും ഇതിലൂടെ ബൈക്കിന്റെ നമ്പർ ദൃക്സാക്ഷികൾക്ക് ലഭിക്കാതിരിക്കാനുമായി ന്യൂജെൻ ബൈക്കാണ് പ്രതി മോഷണത്തിന് ഉപയോഗിച്ചിരുന്നത്.
ഈ ബൈക്കിന്റെ നന്പറിനെ പിന്തുടർന്നുള്ള അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. ഇയാളിൽനിന്ന് കവർച്ചചെയ്ത സ്വർണവും കണ്ടെടുത്തു. പ്രതിയെ തെളിവെടുപ്പിനുശേഷം നാളെ കോടതിയിൽ ഹാജരാക്കും. ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സിഐ മുഹമ്മദ് റിയാസ്, എസ്ഐമാരായ സോണി മത്തായി, സി.എ. വിൻസൻ, എഎസ്ഐമാരായ അഷ്റഫ്, എം.എൻ. സുരേഷ്, സിപിഒമാരായ റോണി, സുധീഷ്, ജിസ്മോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കക്കുംതോറും മുടിയും മുടിയുംതോറും കക്കും!
നിരവധി മാലപൊട്ടിക്കൽ കേസുകളിലായി പോലീസ് പിടികൂടിയ പ്രതി ഇമ്രാൻ ഖാന്റെ ജീവിതം ‘കക്കുംതോറും മുടിയും മുടിയുംതോറും കക്കു’മെന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതായി.
വീഡിയോഗ്രാഫറായി ജോലി നോക്കിയിരുന്ന പ്രതി 2011 ൽ ഒരു വിവാഹത്തിന്റെ ചിത്രീകരണത്തിനായി സുഹൃത്തിന്റെ കാറുമായി പോകവേ കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ കാറിനുണ്ടായ കേടുപാടുകൾ പരിഹരിക്കാനും വൈദ്യുത പോസ്റ്റിന്റെ നഷ്ടപരിഹാരം നൽകാനുമായി 50,000 രൂപ കണ്ടെത്താനാണ് സുഹൃത്തുക്കളായ വിഷ്ണു, തവള അജിത്ത് എന്നിവരുമായി ചേർന്ന് പ്രതി മാലപൊട്ടിക്കാനിറങ്ങിയത്. തുടർന്ന് ഒന്നിനു പിറകെ ഒന്നായുണ്ടായ കേസുകളുണ്ടായി.
കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ശിക്ഷ കിട്ടാതിരിക്കാൻ മാല നഷ്ടപ്പെട്ടവർക്കു തുക മടക്കിനൽകാനാണ് വീണ്ടും കവർച്ചകൾ നടത്തിവന്നതെന്ന് പോലീസ് പറയുന്നു.