കൊച്ചി: ഐഎസ് ബന്ധമുള്ള മലയാളി യുവാവിനെ എൻഐഎ അറസ്റ്റു ചെയ്തു. കാസർഗോഡ് കാഞ്ഞങ്ങാട് ലക്ഷ്മി നഗർ നിവാസിയായ പാറക്കടവത്ത് മൊയിനുദ്ദീൻ(25) യെ ആണ് ഇന്നലെ ഡെൽഹിയിലെ ഐജിഐ എയർപോർട്ടിൽ വച്ച് അറസ്റ്റു ചെയ്തത്. അബുദാബിയിൽ നിന്ന് ഡൽഹിയിലെത്തിയതായിരുന്നു ഇയാൾ. ഇയാളെ എൻഐഎ ആസ്ഥാനത്തെത്തിച്ചു ചോദ്യം ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂരിലെ കനകമല കുന്നിൽ നിന്നു പിടികൂടിയ ഐഎസ് ബന്ധമുള്ള യുവാക്കളുടെ സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ.
സമൂഹമാധ്യമമായ ടെലഗ്രാമിലൂടെ ഇവരുമായി ഇയാൾ ബന്ധപ്പെട്ടതിന്റെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അബു അൽ ഇന്തോനേസി, ഇബൻ അബ്ദുല്ല എന്നീ പേരുകളിലായിരുന്നു ഇയാൾ ടെലഗ്രാം ഗ്രൂപ്പിൽ അറിയപ്പെട്ടിരുന്നത്. ഇയാൾ അബുദാബിയിൽ നിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കു സാന്പത്തിക സഹായം നൽകി വന്നിരുന്നതായി മുന്പ് കേരളത്തിൽ വച്ച് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുള്ളതായും എൻഐഎ അധികൃതർ അറിയിച്ചു. എൻഐഎ പ്രത്യേക കോടതിയിൽ ഇന്നു ഹാജരാക്കിയശേഷം കേരളത്തിലെത്തിക്കും.