ക്വാലാലംപുര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഏഴു പേരെ മലേഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെ നാലു മലേഷ്യക്കാരും മൂന്നു ഇന്തോനേഷ്യൻ പൗരന്മാരുമാണ് അറസ്റ്റിലായത്. മലേഷ്യൻ രാജാവിനെയും പ്രധാനമന്ത്രിയേയും വധിക്കുമെന്നു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ യുവാവും പിടിയിലായവരിൽ ഉൾപ്പെടുന്നു.
മാർച്ച് 12 മുതൽ നടത്തിയ ഭീകര വിരുദ്ധ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. സിറിയയിലും ഇറാക്കിലുമുള്ള ഐഎസ് ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതിനാണ് മൂന്നു മലേഷ്യക്കാർ അറസ്റ്റിലായത്. ഭീകര സംഘടനയുമായി നേരിട്ടു ബന്ധമുള്ളതായും സിറിയയിൽ ഐഎസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായും പിടിയിലായ ഇന്തോനേഷ്യക്കാർ സമ്മതിച്ചിരുന്നു.
ഐഎസ് ബന്ധത്തിന്റെ പേരിൽ മലേഷ്യയിൽ ഇതുവരെ മുന്നൂറോളം പേർ പിടിയിലായിട്ടുണ്ട്. ഇറാക്കിലും സിറിയയിലുമായി ഐഎസിന് വേണ്ടി നൂറോളം മലേഷ്യക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.