വൈപ്പിൻ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഈ മാസം 17ന് ജീവനക്കാരെ ആക്രമിച്ചും അവരുടെ മാല കവർന്നും ചാടിപ്പോയ ആറംഗ പ്രതികളിൽപ്പെട്ട രണ്ട് പേരെ മോഷണത്തിനിടെ ഞാറക്കൽ പോലീസ് പിടികൂടി. വൈപ്പിൻ അഴീക്കൽ പണിക്കരുപടി വെളുത്തേടത്ത് വീട്ടിൽ നിഖിൽ ആന്റണി-30, ഉദയകുമാർ എന്ന് വിളിക്കുന്ന വിപിൻ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ചെടുത്ത ബൈക്കുമായി കറങ്ങവെ ഇന്നലെ അഴീക്കൽ മല്ലികാർജ്ജുന ക്ഷേത്രത്തിനു സമീപത്ത് നിന്നുമാണ് നിഖിൽ അറസ്റ്റിലായത്.
വിപിൻ ഓടിച്ചിരുന്ന ടൂ വീലർ ഒരാളുടെ ദേഹത്ത് ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയാണ് ചെയ്തത്. അറസ്റ്റിലാകുന്പോൾ നിഖിലിന്റെ പക്കൽ ഞാറക്കൽ അപ്പങ്ങാട് നിന്നും മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനവും വിപിന്റെ പക്കൽ ഫോർട്ടു കൊച്ചിയിൽ നിന്നും മോഷ്ടിച്ചെടുത്ത മറ്റൊരു ഇരുചക്രവാഹനവും ഉണ്ടായിരുന്നു. ഇവ രണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് ദിവസം മുന്പ് ഞാറക്കൽ ആശുപത്രപ്പടി കവലയിൽ നിന്നും ഞാറക്കൽ പഞ്ചായത്തംഗം പി.പി. ഗാന്ധിയുടെ സ്കൂട്ടർ മോഷ്ടിച്ചത് ഇരുവരും ചേർന്നാണെന്ന് പോലീസ് പറഞ്ഞു. ഈ സ്കൂട്ടർ കണ്ടെത്താനായിട്ടില്ല. ഇത് കൂടാതെ എളങ്കുന്നപ്പുഴ മേഖലയിലെ മാല പറിക്കൽ കേസുൾപ്പെടെ മറ്റ് നാലു മോഷണങ്ങളും ഇയാൾ ഈ രണ്ട് ദിവസത്തിനുള്ളിൽ നടത്തിയെന്ന് പോലീസ് പറയുന്നു. വിവധ സ്റ്റേഷനുകളിലായി 15 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് നിഖിൽ.
മോഷണകേസിൽ ഞാറക്കൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ നിഖിലിനെ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് തൃശൂർ മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്നും പുറത്തുചാടി നാട്ടിലെത്തി ഇയാൾ വീണ്ടും മോഷണം നടത്തുകയായിരുന്നു. പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ ഞാറക്കൽ ആശുപത്രിപ്പടി കവലയിൽനിന്നും മോഷ്ടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് മോഷ്ടാവിനെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ സിഐ എം.കെ. മുരളി, എസ്ഐമാരായ സംഗീത് ജോബ്, സൗമ്യൻ, എഎസ്ഐ ഷാജി, സാജൻ, എസ്സിപിഒ സെബാസ്റ്റ്യൻ, എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. തൊണ്ടിമുതൽ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.