കോട്ടയം: ബൈക്കിൽ യാത്ര ചെയ്ത അച്ഛനും മകനും നേരേ ബൈക്ക് ഇരപ്പിച്ചത് ചോദ്യം ചെയ്തതിന് മർദനം. മൂന്നു പ്രതികൾക്കു രണ്ടു വർഷം വീതം തടവും അയ്യായിരം രൂപ പിഴയും.പാറന്പുഴ ഇടയാളിൽ മഹേഷ് മോഹൻ (27), പുനത്തുമറ്റത്തിൽ ഉണ്ണി (29), ദിവാകരമന്ദിരം ദിലീപ് (27) എന്നിവരെ ശിക്ഷിച്ചു കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി. സനിത ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെ. പത്മകുമാർ കോടതിയിൽ ഹാജരായി.
പാറന്പുഴ മോസ്കോ കവലയ്ക്കുസമീപം താമസിക്കുന്ന കൃഷ്ണവിലാസം വീട്ടിൽ ഗോപാലകൃഷ്ണപണിക്കർ, മകൻ ദിലീപ് എന്നിവരെ 2015 ജനുവരി അഞ്ചിന് പാറന്പുഴയിൽ അടിച്ചു പരിക്കേൽപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. അച്ഛനും മകനും കോട്ടയത്തുനിന്ന് ബൈക്കിൽ വീട്ടിലേക്ക്് പോവുകയായിരുന്നു.
ബൈക്ക് വഴിയരികിൽ നിർത്തി സംസാരിച്ചു നിൽക്കുകയായിരുന്നു പ്രതികൾ. അച്ഛനും മകനും വന്ന ബൈക്കിനു മുന്നിലേക്ക് പ്രതികളുടെ ബൈക്ക് ഇരപ്പിച്ചത് ചോദ്യംചെയ്തതാണ് സംഭവത്തിനു കാരണം. കോട്ടയം ഈസ്റ്റ് എസ്ഐ ആയിരുന്ന യു. ശ്രീജിത്താണു കേസെടുത്ത് കോടതിയിൽ എത്തിച്ചത്.