മലപ്പുറം: പോലീസ് കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ യുവതിയെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കേസ് പുനരന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ ക്രൈംനന്പർ 1089/15 കേസാണിത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെക്കൊണ്ടു അന്വേഷിക്കാനാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടത്. കോട്ടക്കൽ എടരിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കോട്ടയ്ക്കൽ എസ്ഐയായിരുന്ന പി.എസ് മഞ്ജിത്ത് ലാൽ 2015 നവംബർ 19നു വീട്ടിലെത്തി നിരപരാധിയായ മകളെ അറസ്റ്റ് ചെയ്ത് അർധരാത്രി കഴിഞ്ഞിട്ടും വിട്ടയച്ചില്ലെന്നും നവംബർ 20നു കള്ളക്കേസ് രജിസ്റ്റർ ചെയ്തു മകളെ കോടതിയിൽ ഹാജരാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മനുഷ്യാവകാശ കമ്മീഷൻ എസ്പി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സഹോദരനെ ലോക്കപ്പ് ചാടാൻ സഹായിച്ചെന്ന് ആരോപിച്ചാണ് പോലീസ് തനിക്കെതിരേ കേസെടുത്തതെന്ന് പരാതിക്കാരിയുടെ മകൾ മൊഴി നൽകി.
യുവതിക്കെതിരേ തെളിവ് ഹാജരാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കമ്മീഷൻ കണ്ടെത്തി. യുവതിയെ അന്യായമായി കസ്റ്റഡിയിലെടുത്ത കേസ് കോട്ടക്കൽ എസ്ഐ തന്നെ അന്വേഷിച്ചത് നിയമാനുസൃതമല്ല. സൂര്യാസ്തമയത്തിനുശേഷം സ്ത്രീകളെ അറസ്റ്റു ചെയ്യാൻ പാടില്ലെന്ന കോടതി വിധികളും സ്ത്രീകളെ രാത്രികാലത്ത് സ്റ്റേഷനിൽ സൂക്ഷിക്കരുതെന്ന ക്രിമിനൽ ചട്ടവും ലംഘിച്ചതായി കമ്മീഷൻ കണ്ടെത്തി.
നിഷ്പക്ഷ അന്വേഷണം ഉണ്ടായിട്ടില്ലെന്നുംകമ്മീഷൻ അം ഗം കെ. മോഹൻകുമാർ കണ്ടെത്തി. ചാടിപ്പോയ സഹോദരനെ വീണ്ടെടുക്കാനുള്ള വിലപേശലാണ് നടന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. രാത്രിയിലെ തടങ്കലും കസ്റ്റഡി പീഡനവും വിശദമായി അന്വേഷിക്കണം. പരാതിക്കാരിക്ക് സ്വൈരജീവിതം ഉറപ്പാക്കണമെന്ന് കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.