പാലക്കാട്: സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയെ ബൈക്കിലെത്തി തടഞ്ഞുനിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല കവർന്നതിന് കോയന്പത്തൂർ പല്ലടം രാസക്കുട്ടി എന്ന രാസപ്പനെ രണ്ട് വർഷം കഠിന തടവിനും 2000 രൂപ പിഴ അടയ്ക്കാനും പാലക്കാട് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) എം. സുഹൈബ് ശിക്ഷിച്ചു.
2016 ഡിസംബർ പത്തിന് വൈകീട്ട് നാലര മണിക്കാണ് സംഭവം. മലന്പുഴ ഇമേജ് കന്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന മലന്പുഴ കവ കരിഞ്ഞാലി വട്ടക്കളത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഉഷയെ ചേന്പനയിൽ റോഡിൽ വെച്ച് ഭീഷണിപ്പെടുത്തുകയും മാല കവർന്ന് പ്രതി ബൈക്കിൽ രക്ഷപ്പെടുവാൻ ശ്രമിക്കുകയുമാണുണ്ടായത്.
പ്രതിയുടെ ദേഹ പരിശോധനയിൽ പൊട്ടിച്ച മാലയും സ്റ്റീൽ കന്പിയും കണ്ടെത്തിയിരുന്നു. മലന്പുഴ പൊലീസ് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേംനാഥ് ഹാജരായി.