മണ്ണാർക്കാട് : തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ പ്രണയപകയെന്നു പോലീസ്.യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം തിരുവിഴാംകുന്നിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
തിരുവിഴാംകുന്ന് മലേരിയം പടിഞ്ഞാറൻ മുസ്തഫയുടെ മകൻ ജംഷീർ (20) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, എസ്ഐ കെ.ആർ. ജസ്റ്റിൻ, സിപിഒമാരായ റമീസ്, ഷൗക്കത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഒരു വർഷം മുന്‍പുതന്നെ പെണ്‍കുട്ടിയുടെ വീട്ടുക്കാർ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് താക്കീതു നൽകിയിരുന്നതായി പോലീസ് പറയുന്നു.പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന യുവാവിന്റെ അഭ്യർഥനയും വീട്ടുകാർ നിരസിച്ചു. പെണ്‍കുട്ടിയും പ്രണയാഭ്യർഥന നിരസിച്ചു.
ഇതോടെ യുവാവ് പെണ്‍കുട്ടിയെ വീട്ടിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിയ യുവാവ് പെണ്‍കുട്ടിയുമായി വാക്കുതർക്കത്തിലാവുകയും തുടർന്ന് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ മുത്തശ്ശി മുറിയിലെത്തിയപ്പോൾ പെണ്‍കുട്ടിയുടെ വായിൽ തുണി തിരുകി കഴുത്തിൽ തുണി ചുറ്റിയ അവസ്ഥയിലായിരുന്നു. പെണ്‍കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. പെണ്‍കുട്ടി പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. പോക്സോ കേസ് ഉൾപ്പെടുത്തണമോയെന്ന് വിശദമായ മൊഴിയെടുത്തതിനു ശേഷം തീരുമാനിക്കുമെന്ന് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞു.