നെടുമങ്ങാട് : അരുവിക്കര കളത്തറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അരുവിക്കര കളത്തറ കാവുംപുറത്തു വീട്ടിൽ ജനാർദനൻനായർ (72) ആണ് ഭാര്യ വിമല (68)യെ വെട്ടിക്കൊന്നത്.
ഇന്നലെ രാത്രി11.30നാണ് സംഭവം നടന്നത്.ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവുകയും വാക്ക് തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഭാര്യയെ വെട്ടിയ ശേഷം അരുവിക്കര പോലീസിനെ ജനാർദനൻ തന്നെ ഫോണിൽ വിളിച്ച് പറയുകയായിരിന്നു. ഇതെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പോലീസ് എത്തിയതിന് ശേഷമാണ് വീട്ടിൽ മറ്റൊരു മുറിയിൽ കിടന്നിരുന്ന മകൻ കൊലപാതക വിവരം അറിയുന്നത്.തെങ്ങുകയറ്റ തൊഴിലാളിയാണ് ജനാർദനൻനായർ. വിമലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.ജനാർദനൻനായർ പോലീസ് കസ്റ്റഡിയിലുണ്ട്.
സുരേഷ്, ഗീത,രാധിക എന്നിവർ മക്കളാണ്.അരുവിക്കര സി ഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
നാട്ടിലെ കളക്ടർ ഇന്ന് കൊലപാതകി
നാട്ടിൽ കളക്ടർ എന്നു അറിയപ്പെടുന്ന തെങ്ങു കയറ്റക്കാരനായ ജനാർദനൻ സ്ഥിരമായി വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ട്.ഇയാൾ പറയുന്നത് മറ്റുള്ളവർ അനുസരിക്കണം എന്ന രീതിയിലാണ് പെരുമാറ്റം എന്ന് പോലീസ് പറയുന്നു.
സംഭവ ദിവസവും ഭാര്യയോടും ഇത്തരത്തിൽ പെരുമാറി.തുടർന്നാണ് തേങ്ങാ വെട്ടുന്ന കത്തി ഉപയോഗിച്ചു ഭാര്യയെ കഴുത്തിനു വെട്ടുന്നത്.