പേരൂർക്കട: വ്യാജരേഖ ചമച്ച് കോടതിയെ കബളിപ്പിച്ച് ജാമ്യം നേടിയ ആളെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഉത്തരംകോട് മണ്ണുകുഴി വീട്ടിൽ ജയകുമാർ (56) ആണ് അറസ്റ്റിലായത്.
2019-ലാണ് കേസിനാസ്പദമായ സംഭവം.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയിലായിരുന്ന കേസിൽ റിമാൻഡിൽ കഴിഞ്ഞു വന്ന പൂവച്ചൽ സ്വദേശി കരുണിനെ ജാമ്യത്തിലിറക്കാനാണ് ജയകുമാർ ഉൾപ്പെട്ട സംഘം വ്യാജരേഖ ചമച്ചത്.
ഇവർ നെല്ലനാട്, വെള്ളറട വില്ലേജ് ഓഫീസുകളുടെ വ്യാജ കരംതീരുവ രസീതുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നേടിയെടുക്കുകയായിരുന്നു.
രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ കോടതിയിലെ ജൂനിയർ സൂപ്രണ്ട് വഞ്ചിയൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടന്നത്.
വഞ്ചിയൂർ സി.ഐ ഡിപിൻ, എസ്.ഐമാരായ ഉമേഷ്, പ്രജീ ഷ് കുമാർ, അനിൽകുമാർ, സി.പി.ഒമാരായ രതീഷ്, പ്രഭിത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ജയകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.