ചെങ്ങന്നൂർ: പാണ്ഡവൻപാറ കാണാനെത്തിയ പെണ്‍കുട്ടികൾക്കെതിരെ അതിക്രമം. ക്ഷേത്ര ഭാരവാഹിക്കെതിരെ പോലീസ് കേസെടുത്തു.
ചെങ്ങന്നൂർ പാണ്ഡവൻപാറ ക്ഷേത്ര ഭാരവാഹിയായ ജയകുമാറിനെതിരെയാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് സംഭവം.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് വിദ്യാർഥികളായ ആറ് പെണ്‍കുട്ടികൾ പാണ്ഡവൻപാറ കാണുന്നതിനായാണ് എത്തിയത്. ഈസമയം അവിടെയുണ്ടായിരുന്ന ജയകുമാർ ഇവരെ ചോദ്യംചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു.
പെണ്‍കുട്ടികൾ എതിർത്തതോടെ അസഭ്യംപറഞ്ഞ് ഒരു കുട്ടിയുടെ കൈയ്ക്ക് പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. പരിസരത്തുകിടന്ന വലിയ കന്പുകൊണ്ട് ഇവരെ അടിക്കാനും ശ്രമമുണ്ടായി.
മറ്റൊരു പെണ്‍കുട്ടി ഇതെല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. പെണ്‍കുട്ടികൾ ഉടൻ ചെങ്ങന്നൂർ പോലീസിൽ അറിയിച്ചു. പോലീസ് എത്തിയതോടെ ഇയാൾ സ്ഥലംവിട്ടു.
പോലീസ് പെണ്‍കുട്ടികളെ സ്റ്റേഷനിൽ എത്തിച്ചു. വിവരമറിഞ്ഞ് കോളജിൽനിന്നും കുട്ടികളും സ്റ്റേഷനിലെത്തി. പെണ്‍കുട്ടികൾ നൽകിയ പരാതിയിൻമേൽ സ്ത്രീത്വത്തെ അപമാനിച്ചതിനും കൈയേറ്റം ചെയ്തതിനും ജയകുമാറിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.
ഇതിന് മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.പ്രകൃതിരമണീയമായ പാണ്ഡവൻപാറ കാണുന്നതിനും ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായി നിരവധിപേർ എത്തുന്പോൾ സദാചാര പോലീസ് ചമഞ്ഞ് ഇവരെ ചോദ്യംചെയ്യുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
മുൻപ് പാണ്ഡവൻ പാറയുടെ ചരിത്ര പ്രാധാന്യം വാർത്തയാക്കിയ മാധ്യമ പ്രവർത്തകനെയും ദൃശ്യമാധ്യമത്തിനായി ചിത്രീകരിക്കാനെത്തിയ വരേയും ഇയാൾ ചോദ്യംചെയ്യുകയും വിഡിയോ കാമറ പിടിച്ചുവാങ്ങി കൈയേറ്റത്തിനു മുതിരുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.ു