കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ സെയിൽസ്മാൻമാരെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ. കിച്ചൻ-ചിമ്മിനി കന്പനിയുടെ സെയിൽസ്മാൻമാരെ കൊല്ലാൻ ശ്രമിച്ച ന്യൂ അലിപുർ സ്വദേശി മഥുമതി സാഹയാണ് പിടിയിലായത്.
ചിമ്മിനിയുടെ പണം വാങ്ങാനായി എത്തിയ അമിത് ചക്രബർത്തി, സോമനാഥ് മോൻണ്ടൽ എന്നിവരെ കൊല്ലാനായിരുന്നു ശ്രമം. പണം വാങ്ങാൻ എത്തിയ ഇരുവർക്കും കുടിക്കാൻ കൊടുത്ത പാനീയത്തിൽ വിഷം ചേർക്കുകയായിരുന്നു.
പാനീയം കുടിച്ചയുടൻ ചക്രബർത്തി അബോധവസ്ഥയിലായി. ഇക്കാര്യം കന്പനിയെ അറിയിക്കാൻ ശ്രമിച്ച സോമനാഥിന്റെ ഫോണും യുവതി പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇവിടെനിന്നും രക്ഷപ്പെട്ട സോമനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യു അലിപുർ പോലീസ് മഥുമതിയെ അറസ്റ്റു ചെയ്തത്.
അബോധാവസ്ഥയിലായ ചക്രബർത്തിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചിമ്മിനി കന്പനിയും യുവതിയുടെ പേരിൽ പരാതി നൽകി. കഴിഞ്ഞ മാസമാണ് യുവതി ചെക്ക് നൽകി ചിമ്മിനി വാങ്ങിയത്. എന്നാൽ ചെക്ക് മടങ്ങിയതോടെ പണത്തിനായി കന്പനി യുവതിയെ സമീപിക്കുകയായിരുന്നു. പണം നൽകാമെന്ന് യുവതി കന്പനിയെ അറിയിച്ചതിനെ തുടർന്നാണ് സെയിൽസ്മാൻമാർ യുവതിയുടെ വീട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.