ഏറ്റുമാനൂർ: അതിരന്പുഴ ഇരുപ്പേൽചിറ ഭാഗത്ത് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. മൂന്നാം പ്രതി ഓണംതുരുത്ത് വലിയ കാലായിൽ ജിബിൻ ബേബി (24) ആണ് അറസ്റ്റിലായത്.
ദിവസങ്ങൾക്കു മുന്‍പ് ഈ കേസിലെ പ്രതികളായ അതിരന്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷ് (24), നിഖിൽ നാൽപാത്തിമല (23) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം.
രാത്രി എട്ടരയോടെ ഇരുപ്പേൽ ചിറയിൽ എത്തിയ ഗുണ്ടാ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഡിബിൻ (25), എബിൻ (27) എന്നിവർക്ക് പരിക്കേറ്റിരുന്നു.
നിരവധി ഗുണ്ടാ ആക്രമണകേസുകളിലെ പ്രതിയായ അച്ചു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ആക്രമിച്ചതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
പരിക്കേറ്റ എബിനുമായി ഉണ്ടായ മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമുണ്ടായത്. വാക്കു തർക്കമുണ്ടായതിനെതുടർന്ന് അച്ചു സന്തോഷ് സുഹൃത്തക്കളുമായി എത്തി വടിയും വാളും ഉപേയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.