പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ.
കൂത്തുപറമ്പ് മാങ്ങാട്ടിടം അയ്യപ്പന് തോടിലെ പി. ജിതിനാണ് (29) അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കഴിഞ്ഞ ജൂണ്‍ 17ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെറുപുഴ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധനാ വിധേയമാക്കിയതിനെ തുടര്‍ന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദനും എസ്ഐ എന്‍.കെ.ഗിരീഷ്, എഎസ്ഐ സത്യന് എന്നിവര്‍ സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലക്കോട് സ്റ്റേഷന് പരിധിയിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ അവിടെയെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷ കാലം നീണ്ടു നിന്ന സൗഹൃദം പിന്നീട് വഴി പിരിഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലായിരുന്നു പോലീസ്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് സംഘത്തിന് നിര്‍ണായക തെളിവുകളായ ഫോണ്‍ സന്ദേശങ്ങളും വാട്സ്അപ്പ് ചാറ്റിംഗും ലഭിച്ചു. ഇത് ശക്തമായ ശാസ്ത്രീയ തെളിവുകളായി മാറിയതിനെ തുടര്‍ന്നാണ് ഇയാളെ പോക്സോ കേസില്‍പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്.
ഇരയായ പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്ജന് ഗോപാലകൃഷ്ണപിള്ളയുടെ നിര്‍ണായക വിവരങ്ങളാണ് കേസില്‍ വഴി തിരിവായത്. 2015-ല്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ മറ്റൊരു കേസില്‍ പ്രതിയായ ഇയാള്‍ രണ്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി പ്രതി ഒരു വര്‍ഷക്കാലം സൗഹ്യദത്തിലായിരുന്നു. ഇതിന് ശേഷമാണ് ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ദളിത് വിഭാഗത്തില്‍പ്പെട്ട 17 കാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.