ചാത്തന്നൂർ: പോലീസിനെ ആക്രമിച്ച് കുഴിയിൽ തള്ളിയിട്ടശേഷം രക്ഷപ്പെട്ട കേസിലെ മൂന്ന് പ്രതികളിൽ മുഖ്യപ്രതിയെ പാരിപ്പള്ളി പോലീസ് പിടികൂടി.
കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ ജിത്തു (കുട്ടൻ – 24) വാണ് പിടിയിലായത്. കല്ലമ്പലം തോട്ടയ്ക്കാട് കരവാരം ഭാഗത്തെ ഒരു പാറ ക്വാറിയിൽ ഒളിച്ചു കഴിയുകയായിരുന്നു ജിത്തു.
വിലങ്ങുമായി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികളായ മനു (കണ്ണൻ – 26), സംഗീത് (ചിന്നുക്കുട്ടൻ – 20) എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ജിത്തുവിനെ പിടികൂടിയത്.
14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് പോക്സോ കേസാണ് ഇവരുടെ പേരിലുള്ളത്. വീടാക്രമണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.
ഞായറാഴ്ച രാത്രി പരവൂർ പെരുമ്പുഴ യക്ഷിക്കാവ് കോളനിയിൽ നിന്നാണ് ഇവർ പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടത്.ഇവർ ഒളിവിൽ കഴിയുന്ന വിവരമറിഞ്ഞ് പാരിപ്പള്ളി എസ്.ഐ. നൗഫലിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ഇവർ കിടന്നുറങ്ങിയ വീട് വളഞ്ഞു.
മനുവിനെയും ചിന്നുക്കുട്ടനെയും പിടികൂടി ഒരു വിലങ്ങിൽ ബന്ധിച്ചു. ജിത്തുവിനെ വിലങ്ങിടാൻ ശ്രമിക്കുമ്പോൾ പരിസരവാസികൾ തടിച്ചു കൂടി. ഇതിനിടയിൽ ജിത്തു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പിന്നാലെ ഓടിയ സി.പി.ഒ. അനൂപി (31) നെ കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജിത്തു ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അനൂപ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ബഹളത്തിനിടയിൽ വിലങ്ങുമായി മറ്റ് രണ്ടു പേരും രക്ഷപ്പെട്ടു. ഇവർക്കായി ഊർജ്ജിതമായി തെരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
പാരിപ്പള്ളി സി.ഐ. രൂപേഷ് രാജ്, എസ്.ഐ. നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നത്. എ.എസ്.ഐമാരായ രമേശ്, നന്ദകുമാർ. സി.പി.ഒ അജു, ജെയിൻ ഷാഡോ പോലീസുകാരായ ബൈജു, സീനു, മനു, സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.