സ്വന്തം ലേഖകൻ
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ കെട്ടിച്ചമച്ച കേസിൽ കൂടുതൽ അറസ്റ്റിനു സാധ്യത. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. പിന്നീട് കളമശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ ജൂണ് രണ്ടു വരെ റിമാൻഡ് ചെയ്തു.
ഇതിനിടയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, ഫാ. പോൾ തേലക്കാട് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസിൽ ഒരു പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും വൈദികരടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്. അന്വേഷണത്തിൽ വൻ ഗൂഢാലോചനയുടെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നു പോലീസ് സൂചിപ്പിക്കുന്നു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇയാളുടെ വീട്ടുകാർ നടത്തിവന്ന സ്ഥാപനത്തിൽ വച്ചാണ് പ്രതി വ്യാജ ബാങ്ക് രേഖ തയാറാക്കിയതെന്നും ഇതിനായി ഉപയോഗിച്ച കംപ്യൂട്ടർ അടക്കം പിടിച്ചെടുത്തെന്നും കേസിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന എഎസ്പി എം.ജെ. സോജൻ പറഞ്ഞു.
കർദിനാളിന്റെ മുൻ സെക്രട്ടറിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ രേഖ നിർമിച്ചതെന്നാണു പ്രതിയുടെ മൊഴി. ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നു പോലീസ് പറയുന്നു. സഭയ്ക്കുള്ളിൽ കർദിനാളിനെതിരേ കടുത്ത എതിർപ്പ് രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മനഃപൂർവം അദ്ദേഹത്തിനെതിരേ വ്യാജ ബാങ്ക് രേഖകൾ നിർമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഇതുവഴി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാമെന്ന മോഹവും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടായിരുന്നെന്നാണ് നിഗമനം. എന്നാൽ, രേഖകൾ വ്യാജമാണെന്നു മനസിലാക്കിയ സീറോ മലബാർ സഭാ സിനഡ് വ്യാജരേഖ ഉണ്ടാക്കിയവർക്കെതിരേ പോലീസിൽ കേസ് കൊടുക്കാൻ തീരുമാനിച്ചതോടെ പദ്ധതികൾ പാളുകയായിരുന്നു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന പോലീസ് നൽകിക്കഴിഞ്ഞു.
ഐഐടി ബിരുദധാരിയായ പ്രതിക്ക് ഇത്തരത്തിലൊരു രേഖ നിർമിക്കുക സാങ്കേതികമായി എളുപ്പമാണെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. കർദിനാളിനെതിരേ സഭയ്ക്കുള്ളിൽ ഒരു ആഭ്യന്തര അന്വേഷണം വരുത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഉള്ളതെന്നു വൈദികൻ പറഞ്ഞതുകൊണ്ടാണ് ഇത്തരമൊരു രേഖ ഉണ്ടാക്കിയതെന്നാണ് അറസ്റ്റിലായ ആദിത്യ പോലീസിനോടു പറഞ്ഞത്. ഇതിന്റെ ഗൗരവം അറിയില്ലായിരുന്നുവെന്നും ഇയാൾ പറയുന്നു.
പ്രതി നേരിട്ടാണ് റവ. ഡോ. പോൾ തേലക്കാട്ടിലിന് ഈ രേഖ അയച്ചു നൽകിയത്. റവ.ഡോ.പോൾ തേലക്കാട്ടാണ് രേഖകൾ എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർക്കു കൈമാറിയത്. അദ്ദേഹം ഇതു കർദിനാളിനും സിനഡിനും കൈമാറി. എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ കർദിനാളിന്റെ പേരിലുള്ള ചില ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തിയെന്ന് ആരോപിച്ചായിരുന്നു രേഖകൾ കൊണ്ടുവന്നത്.
എന്നാൽ, തനിക്ക് ഇത്തരത്തിൽ അക്കൗണ്ട് ഇല്ലെന്നു കർദിനാൾ സിനഡിനെ അറിയിച്ചു. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച സിനഡ് വ്യാജരേഖ തയാറാക്കിയവർക്കെതിരേ പോലീസിൽ പരാതി നൽകാൻ സീറോ മലബാർ സഭ ഐടി മിഷൻ ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തി. പുറത്തുവന്ന രേഖകൾ വ്യാജമാണെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. അന്വേഷണത്തിന്റെ ഭാഗമായി റവ.ഡോ. പോൾ തേലക്കാട്ടിൽനിന്നു പോലീസ് മൊഴിയെടുത്തിരുന്നു.
ഇ മെയിൽ മുഖാന്തരം തനിക്കു ലഭിച്ച രേഖകളാണ് ഇവയെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി. ഇതിൻപ്രകാരം ഇ മെയിൽ ലഭിച്ച കംപ്യൂട്ടർ പരിശോധിച്ചതിൽനിന്നുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ആലുവ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.