പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാർഥി അറസ്റ്റിൽ. 40 കാരനായ രാജീവ് കുമാർ സിംഗാണ് സന്പൂർണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ മദ്യപിച്ച് വരാണാധികാരിക്ക് മുന്നിലെത്തിയത്. പുർണിയ ലോക്സഭാ സീറ്റിലേക്കുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു രാജീവ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
സംശയം തോന്നിയ തെരഞ്ഞെടുപ്പ നിരീക്ഷകൻ എം. ഷൈലേന്ദ്രൻ ഇയാളെ ബ്രീത്ത് അനലൈസർ വച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പുർണിയ ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം നടപടി എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മദ്യപിച്ചെന്ന് രാജീവ് സമ്മതിക്കുയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതാദ്യമായാണ് രാജീവ് കുമാർ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇറങ്ങിയത്. 17 പേരാണ് പുർണിയ ലോക്സഭാ സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. അതേസമയം, സന്പൂർണമദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിരോധനത്തിന് ശേഷം ഒന്നര ലക്ഷത്തോളം പോരാണ് നിയമ ലംഘനത്തിന് അറസ്റ്റിലായിട്ടുള്ളത്. 25 ലക്ഷത്തോളം ലിറ്റർ മദ്യവും ഇതിനോടം കണ്ടുകെട്ടിയിരുന്നു.