കൊച്ചി: പ്രണയം നടിച്ച് യുവതിയിൽനിന്നു പണവും സ്വർണാഭരണങ്ങളും വാങ്ങി മുങ്ങിയ യുവാവ് പോലീസ് പിടിയിൽ. അയ്യപ്പൻകാവിലുള്ള ബർഗർ ഷോപ്പിൽ ജോലി ചെയ്യുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശി പ്രവീണ്‍ കുമാറാണ്(23) എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട സ്വദേശിയായ യുവതിയാണു തട്ടിപ്പിനിരയായത്. ബർഗർ ഷോപ്പിലെത്തിയിരുന്ന യുവതിയെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് പലതവണകളായി ഇവരുടെ കൈയിൽനിന്ന് പണവും മൂന്നു പവന്റെ സ്വർണാഭരണങ്ങളും തട്ടിയെയെടുക്കുകയുമായിരുന്നു.
ആഭരണങ്ങൾ പ്രതി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയംവച്ചു. പാലക്കാടുള്ള തന്റെ കുടുംബ സ്വത്ത് വിറ്റതിനുശേഷം പണവും സ്വർണവും തിരികെ നൽകാമെന്നാണ് യുവതിയെ അറിയിച്ചിരുന്നത്.
യുവതി പല തവണ പണവും സ്വർണവും തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് ബർഗർ ഷോപ്പിൽനിന്നു പ്രതി സ്ഥലംവിട്ടതോടെ തട്ടിപ്പിനിരയായെന്നു മനസിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
പ്രവീണ്‍ കുമാറിനെ തന്ത്രപരമായി വിളിച്ചു വരുത്തിയാണു പോലീസ് അറസ്റ്റ് ചെയ്തത്. നോർത്ത് സിഐ റോജ്, എസ്ഐമാരായ അനസ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.