ഹരിപ്പാട്: ജവാൻ സ്മൃതി മണ്ഡപം തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം വലിയത്ത് കിഴക്കതിൽ ജോബിൻ (26) ആണ് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പുൽഗാവ് മൈൻ സ്ഫോടനത്തിൽ രക്തസാക്ഷിത്വം വഹിച്ച മേജർ മനോജ് കുമാറിന്റെ കാർത്തികപ്പള്ളി ആറാം വാർഡിൽ പുതുക്കുണ്ടം സൈനികാങ്കണം വീടിന്റെ മതിലിനോട് ചേർന്നുള്ള സ്മൃതിമണ്ഡപം ആണ് തകർത്തത്.
മദ്യലഹരിയിൽ ബൈക്കോടിച്ച് ജോബിൻ ഈ ഭാഗത്തെത്തിയപ്പോൾ നായ കുറുകെ ചാടിയെന്നും തുടർന്ന് പെട്ടെന്ന് വെട്ടിച്ചപ്പോൾ ബൈക്കിന്റെ ഹാൻഡിലും ജോബിന്റെ കൈയും മണ്ഡപത്തിന് ഗ്ലാസിൽ ഇടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെ അഞ്ചോടെ മനോജ് കുമാറിന്റെ പിതാവ് കൃഷ്ണൻ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.