പൊന്‍കുന്നം: ജോയിന്റ് ആര്‍ടി ഓഫീസറുടെ മേശയിലെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലായ എന്‍സിപി പ്രാദേശിക നേതാവിനെ റിമാന്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കേളിയാംപറമ്പില്‍ ജോബിയെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തത്.
അറസ്റ്റിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോബിയെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനാല്‍ ആശുപത്രിയിലെത്തിയാണ് മജിസ്ട്രേട്ട് റിമാന്റ് ചെയ്തത്. ഇയാളെ ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റി.
സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനികളെ കയറ്റാത്തതു സംബന്ധിച്ച് രക്ഷിതാക്കള്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ പരാതി നല്‍കിയിരുന്നു. പരാതിപ്രകാരം കുമളി – എറണാകുളം റൂട്ടിലോടുന്ന ബസിലെ ജീവനക്കാരോട് ജോയിന്റ് ആര്‍ടി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ബസുകാര്‍ക്കു വേണ്ടി എത്തിയതായിരുന്നു ജോബി. പരാതി സംബന്ധിച്ച തീര്‍പ്പിന് ജീവനക്കാര്‍ എത്തണമെന്ന് ജോയിന്റ് ആര്‍ടിഒ നിര്‍ദേശിച്ചപ്പോള്‍ ജോബി മേശപ്പുറത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നു. ജോയിന്റ് ആര്‍ടിഒ പി.ബി. പദ്മകുമാര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.