കൊച്ചി: നെടുന്പാശേരിയിൽ മയക്കുമരുന്നുമായി പിടികൂടിയ വിദേശ വനിതയിൽനിന്നു ഇതിന്റെ പിന്നിലുള്ള കള്ളക്കടത്തു സംഘത്തെപ്പറ്റി നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സൂചന. നേരത്തേ പിടിയിലായവരിൽ നിന്നാണു ഇന്നലെ ഫിലിപ്പീൻസ് യുവതി കൊക്കെയ്നുമായി എത്തുന്നുണ്ടെന്നുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ (എൻസിബി) ജാഗ്രത പാലിച്ചിരുന്നു.
ഇപ്പോൾ ലഹരി കടത്തുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബന്ധമുള്ള മൂന്നു വിദേശികളാണു പിടിയിലായിട്ടുള്ളത്. ഇവരിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ പിന്നിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നു കള്ളക്കടത്തു സംഘത്തെ കണ്ടെത്താൻ കഴിയുമെന്നാണു എൻസിബി അധികൃതരുടെ പ്രതീക്ഷ.
രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിന്റെ കാരിയർമാർ മാത്രമാണു പിടിയിലായിട്ടുള്ളവർ. ഇവിടെയുള്ള ഏജന്റമാർക്കു മയക്കുമരുന്നു എത്തിക്കുകയാണ് ഇവരുടെ ജോലി. ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി രൂപയുടെ മയക്കുമരുന്നുമായാണു ഫിലിപ്പീൻസ് യുവതി ജൊഹന്ന (36) അറസ്റ്റിലായത്.
4.8 കിലോഗ്രാം കൊക്കൈയ്ൻ യുവതിയിൽനിന്നു പിടിച്ചെടുത്തു. സംഘത്തിലെ സംസ്ഥാനത്തുനിന്നുള്ള അംഗങ്ങളെ പിടികൂടാൻ യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്