കണ്ണൂർ: എയർപോർട്ടുകളിലേക്കു ജോലി വാഗ്ദാനം ചെയ്തു പത്രങ്ങളിൽ പരസ്യംനൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കുന്ന് പന്നേൻപാറ റോഡിലെ ഇക്കന്പൂസ് എഡ്യുക്കേഷണൽ റിസേർച്ച് ഫൗണ്ടേഷൻ സിഇഒ കൊല്ലം സ്വദേശി വിശാഖിനെ (28) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ സ്ഥാപനത്തിൽ ഇന്റർവ്യൂ നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ഉദ്യോഗാർഥിയായ വടകര സ്വദേശി സോണിയയുടെ പരാതിപ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ എയർപോർട്ടുകളിലെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നുവെന്ന പരസ്യം കണ്ടാണ് കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ നിന്നായി അന്പതോളം ഉദ്യോഗാർഥികൾ ഇന്നലെ രാവിലെ ഒൻപതോടെ സ്ഥാപനത്തിൽ എത്തിയത്. ഒരാളിൽ നിന്ന് 3500 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്.
ഇവർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുകയും ബാക്കി കാര്യങ്ങൾ വീട്ടിൽനിന്ന് പഠിച്ചാൽ മതിയെന്ന് പറയുകയുമായിരുന്നു. ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂവിന് എത്തിയവരോട് ഒരു മാസത്തെ കോഴ്സിന് വേണ്ടി വിളിപ്പിച്ചതാണെന്ന് പറഞ്ഞതോടെയാണ് ഉദ്യോഗാർഥികൾക്ക് സംശയം തോന്നിയത്.
തുടർന്ന് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഒരുസംഘം നാട്ടുകാർ സ്ഥാപനത്തിലെത്തുകയും പോലീസിന് വിവരം നൽകുകയുമായിരുന്നു. സ്ഥാപനത്തിന്റെ നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗാർഥികളെ കൊണ്ട് കരാറിൽ ഒപ്പിടിവിച്ചതായും പോലീസ് പറഞ്ഞു.