തിരുവനന്തപുരം: പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി ഏഴോടെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. സംഭവത്തിൽ ആസാം സ്വദേശി ജോനിയെ(23) പോലീസ് അറസ്റ്റ് ചെയ്തു.
റെയിൽവേ സ്റ്റേഷനിൻ പോയി മടങ്ങിവരികയായിരുന്നു പെണ്‍കുട്ടി ഉൾപ്പെട്ട കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നും ശബ്ദം കേട്ടതോടെ വാഹനം നിർത്തി ഡിക്കി അടയ്ക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
പെണ്‍കുട്ടി നിലവിളിച്ചതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.ലഹരിക്ക് അടമയായ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നതിന് മുൻപ് ആശുപത്രിഗേറ്റിൽ രണ്ടു സ്ത്രീകളെ ഉപദ്രവിച്ചെന്ന് നാട്ടുകാർ പറയുന്നു.
വിവരം അറിയിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. അതേസമയം പ്രതിയെ മർദിച്ചെന്ന് കാട്ടി കേസെടുക്കുമെന്ന് വനിതാ പോലീസ് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
പ്രതിയെ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണ് പിടികൂടിയതെന്നും ആരും മർദിച്ചില്ലെന്നും നാട്ടുകാരടക്കം ഇതിനു സാക്ഷിയാണെന്നും കുടുംബം പറഞ്ഞു.
പോലീസിനു സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പെണ്‍കുട്ടി പരാതി നൽകണമെന്നും പോലീസ് വാശിപിടിച്ചു. ഒടുവിൽ കുട്ടിയുടെ അമ്മയിൽ നിന്നും പരാതി എഴുതി വാങ്ങി സ്റ്റേഷനിലെത്തി മൊഴിയും വാങ്ങിയ ശേഷമാണ് കുടുംബത്തെ പോകാൻ അനുവദിച്ചത്.
യുവതിയെ കടന്നുപിടിച്ച പ്രതി ഇന്നലെ വൈകുന്നേരം മറ്റൊരുകേസിൽ പോലീസ് പിടികൂടി വിട്ടയച്ചയാളാണെന്നാണ് സൂചനയുണ്ട്.