നെടുമങ്ങാട് : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് നെടുമങ്ങാട് എസ്ഐയേയും പോലീസുകാരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ അറസ്റ്റിൽ.
ആനാട് ജംഗ്ഷനിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അക്രമം നടത്തിയവരെ തടയാൻ ശ്രമിച്ച നെടുമങ്ങാട് എസ്ഐ സുനിൽ ഗോപിയെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പോലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
അഞ്ചാം പ്രതി ആനാട് പാണ്ടവപുരം ഗവൺമെന്റ് ആശുപത്രിക്കു സമീപം മഹേഷ് ഭവനിൽ മഹേഷ് കുമാർ(30 ) , 11-ാം പ്രതി ആനാട് വില്ലേജിൽ മണ്ഡപം ആലംകോട് മോഹനൻ നിവാസിൽ വേണുഗോപാലൻ (30) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമത്തിനുശേഷം പ്രതികൾ എറണാകുളത്തും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. മഹേഷ് കുമാറിനെ കണ്ടെത്തുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പി ബി. വിനോദിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ കെ. അനിൽ കുമാർ, എസ്ഐ എസ്. ഷുക്കൂർ പോലീസുകാരായ സനൽരാജ്, ഷാജി, രാജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി.