കൊല്ലങ്കോട്: ഗോവിന്ദാപുരത്ത് കഴിഞ്ഞദിവസം എണ്ണൂറു ഗ്രാം ഹാഷിഷും ഒന്നേകാൽ കിലോ കഞ്ചാവും കടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരനെ അറസ്റ്റുചെയ്തു. തൃശൂർ പെരിങ്ങാവ് ഗോപിനാഥന്റെ മകൻ ജഗ് മിത്ര (27)യെയാണ് കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസറും സംഘവും ഇന്നലെ അറസ്റ്റുചെയ്തത്.
സംഭവത്തിൽ തൃശൂർ പാറളം അറക്കപ്പറന്പ് മിഥുൻ കെ.തോമസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഹാഷിഷും കഞ്ചാവും തൃശൂരിൽ ജഗ്മിത്രയ്ക്കു നല്‍കാനാണ് നിർദേശം ലഭിച്ചതെന്ന മിഥുന്റെ മൊഴിയെ നടത്തിയ അന്വേഷണത്തിലാണ് ജഗ്മിത്രയെ അറസ്റ്റുചെയ്തത്. ഇയാൾക്ക് കൊടൈക്കനാലിൽ റിസോർട്ടുണ്ട്.
തൃശൂരിൽ എത്തുന് കള്ളക്കടത്തു സാധനം മറ്റു ഇടനിലക്കാർവഴി വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമെന്ന് ഇയാൾ എക്സൈസ് അധികൃതർക്ക് മൊഴിനല്‍കി.റേഞ്ച് ഇൻസ്പെക്ടർ സജീവകുമാർ, പ്രിവന്റീവ് ഓഫീസർ വിനോദ് കുമാർ, സിഇഒമാരായ ലക്ഷ്മണൻ, രമേഷ്, പ്രജീഷ്, നാസർ എന്നിവരാണ് ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത ഹാഷിഷിനും കഞ്ചാവിനും അന്‍പതുലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.