തിരുവനന്തപുരം : കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെ വിജിലൻസ് അറസ്റ്റു ചെയ്തു.
വാട്ടർ അഥോറിറ്റി പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജോണ് കോശിയാണു വെള്ളയന്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫീസിൽ വച്ച് 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ അറസ്റ്റ് ചെയ്തത്.
അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന ജോലികൾ പൂർത്തീകരിച്ച ശേഷം കരാറുകാരനായ മനോഹരൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസായില്ല.
കരാറുകാരൻ ജോണ് കോശിയെ നേരിട്ട് കണ്ട് നിരവധി തവണ ബിൽ മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബിൽ പാസാക്കുന്നതിന് 10000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു കൊടുക്കാൻ കരാറുകാരൻ തയാറായില്ല.
പകരം കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ചു ദിവസത്തിനുള്ളിൽ ബിൽ തുക മാറിക്കൊടുക്കുവാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവു പ്രകാരം 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു.
എന്നാൽ മുഴുവൻ തുകയും മാറി കിട്ടാത്തതിനാൽ കരാറുകാരൻ എക്സിക്യൂട്ടീവ് എൻജിനിറയെ സമീപിച്ചു. 45000 രൂപ കൂടി ജോണ് കോശി കൈക്കൂലി ആവശ്യപ്പെടുകയും മുഴുവൻ തുകയും മാറിയശേഷം കാണാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതിനെ തുടർന്ന് ബിൽ തുക കരാറുകാരന് മാറി കൊടുക്കുകയും ചെയ്തു.
തുടർന്ന് മറ്റൊരു ആവശ്യത്തിനായി എൻജിനിയറുടെ കാര്യാലയത്തിലെത്തിയ കരാറുകാരനെ എൻജിനിയറെ കാണുകയും ഉറപ്പ് നൽകിയ തുക ഇതുവരെ കിട്ടിയില്ലെന്നും എത്രയും വേഗം തരണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ തുക തരാൻ കഴിയില്ലെന്നു കരാറുകാരൻ പറഞ്ഞു. നടന്ന സംഭവങ്ങൾ കരാറുകാരനായ മനോഹരൻ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ.ഇ.ബൈജുവിനെ അറിയിച്ചു.
വിജിലൻസ് സൂപ്രണ്ടിന്റെ നിർദേശ പ്രകാരം വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്നലെ രാവിലെ 12ന് കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങവേ ജോണ് കോശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി അശോക് കുമാറിനെ കൂടാതെ ഇൻസ്പെക്ടർമാരായ പ്രമോദ്കൃഷ്ണൻ, അനിൽകുമാർ എസ്ഐമാരായ അജിത്ത് കുമാർ, സുരേഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.