കഴക്കൂട്ടം: പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വാറണ്ട് പ്രതിയെ കൈവിലങ്ങോട് കൂടി രക്ഷപ്പെടുത്തി കൊണ്ടുപോയ സംഭവത്തിൽ രക്ഷപെടാൻ സഹായിച്ച മൂന്നുപേരെക്കൂടി കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. പുതുക്കുറുച്ച് മുഹുയുദീൻ പള്ളിക്കു സമീപം ഹജ്ജ് മുഹമ്മദ് (34 ), മാടൻവിള ക്ഷേത്രത്തിനു സമീപം പുന്നമൂട് വീട്ടിൽ ഷാമിൽ (24 )മാടൻവിള ക്ഷേത്രത്തിനു സമീപംസജാദ്(40 )എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തത്.
രക്ഷപെട്ട നാസറിന്റെ കൈവിലങ്ങു ഹജ്ജ് മുഹമ്മദിന്റെ കൈവശമുള്ള കട്ടിങ് മിഷൻ ഉപയോഗിച്ച് കട്ടുചെയ്തുകൊടുക്കുകയും ഒളിവിൽ താമസിക്കുന്നതിനും സഹായിച്ച പ്രതികളെയാണ് മാടൻവിളയിൽ വച്ച് പോലീസ് അറസ്റ്റുചെയ്തത് . നിരവധി കഞ്ചാവ് കേസിൽ ഉൾപ്പെട്ട വാറണ്ട് കേസിലെ പ്രതിയായ പെരുമാതുറ ഒറ്റപ്പന സ്വദേശി നാസറാണ് കൈവിലങ്ങുമായി ബൈക്കിൽ കയറി രക്ഷപ്പെട്ടത്.
ഒരുമാസം മുൻപ് രാത്രി പത്തരയ്ക് പെരുമാതുറ ഒറ്റപ്പന കടപ്പുറത്ത് ഒരുവീടിന് മുന്നിൽ ഒരാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതറിഞ്ഞാണ് പൊലീസ് അവിടെ എത്തിയത്. കത്തി കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാസർ പൊലീസുകാരെ ആക്രമിക്കുകയും പിന്നീട് കീഴ്പ്പെടുത്തി വിലങ്ങണിയിച്ച് ജീപ്പിനടുത്ത് കൊണ്ടുപോയ സമയത്താണ് നാസറിന്റെ ബന്ധുക്കളും കണ്ടാലറിയാവുന്ന 20പേരും ചേർന്ന് പ്രതിയെ രക്ഷപെടുത്തിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14ദിവസത്തേക്ക് റിമാന്റ് ചെയ്തു