ചേർത്തല: ക്ഷേത്രത്തിലെ ദേവിയുടെ താലിയും മറ്റ് സ്വർണാഭരണങ്ങളും മോഷണം പോയതായി വ്യാജപരാതി നൽകിയ ദേവസ്വം പ്രസിഡന്റും ട്രഷററും കുടുങ്ങി. ചേർത്തല തിരുനെല്ലൂർ പുതുപ്പള്ളി ക്ഷേത്രം പ്രസിഡന്റ് തിരുനെല്ലൂർ കൊടുംതറ സതീശൻ(54), ട്രഷറർ തിരുനെല്ലൂർ പുറതയ്യിൽ ഭാർഗവൻ(58) എന്നിവരെയാണ് ചേർത്തല സിഐ വി.പി.മോഹൻലാൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 24നായിരുന്നു സംഭവം. നാൽപത് വർഷത്തോളം പഴക്കമുള്ള അഞ്ച് പവൻ തൂക്കമുള്ള കാശുമാലയും രണ്ട് പവന്റെ വട്ടതാലിയും വഴിപാടായി ലഭിച്ച വെള്ളി രൂപങ്ങളും നഷ്ടപ്പെട്ടതായി കാട്ടിയാണ് ദേവസ്വം ഭാരവാഹികൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നായ, വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ എത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
എന്നാൽ നഷ്ടപ്പെട്ട ആഭരണങ്ങൾ ക്ഷേത്രത്തിലെ തട്ടിൻപുറത്ത് നിന്നു കിട്ടിയതായി അന്ന് രാത്രി ദേവസ്വം ഭാരവാഹികൾ പോലീസിൽ അറിയിച്ചു. എന്നാൽ ആദ്യം മുതൽ സംഭവത്തിൽ സംശയമുണ്ടായിരുന്നു പോാലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് തട്ടിപ്പ് പുറത്തായത്.
പോലീസ് നായ വന്നപ്പോൾ ഭാരവാഹികൾ മാറിക്കളഞ്ഞതും ശ്രദ്ധിച്ചിരുന്നതായി എസ്ഐ ജി.അജിത്കുമാർ പറഞ്ഞു. വർഷങ്ങളായി പൊതുയോഗം വിളിക്കാത്തത് സംബന്ധിച്ച് ഭക്തർ പ്രതിഷേധം ഉയർത്തിയതോടെ ഫെബ്രുവരി 17ന് യോഗം വിളിക്കുവാൻ ധാരണയായിരുന്നതായും ഇതിന് മുന്പായി ഇത്തരമൊരു മോഷണ കഥയുണ്ടാക്കി കണക്കുകളിൽ കൃത്രിമം കാട്ടുവാനായിരുന്നു ഇവർ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.