വടക്കാഞ്ചേരി: മൂകയും ബധിരയുമായ യുവതിയെ വിവാഹം ചെയ്ത് പണവും സ്വർണവും തട്ടി മുങ്ങിയ കേസിൽ യുവാവ് ഒരു വർഷത്തിനുശേഷം പോലീസ് പിടിയിലായി. കൊല്ലം വയലിൽ വീട്ടിൽ സുമേഷി(35)നെയാണ് വടക്കാഞ്ചേരി എസ്ഐ കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്.
പറന്പായി ഡാം സിറ്റിയിൽ വിധവയായ അമ്മയോടൊപ്പം താമസിക്കുന്ന ബധിര- മൂക യുവതിയെയാണ് സുമേഷ് വഞ്ചിച്ചത്. കൊല്ലത്തു ഭാര്യയും മൂന്നു മക്കളുമുള്ള സുമേഷ് പത്രപ്പരസ്യം കണ്ടാണ് യുവതിയുടെ വീട്ടിലെത്തി വ്യാജ വിലാസം നല്കി യുവതിയെ വിവാഹം കഴിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.
പോലീസ് ഓഫീസർമാരായ അശോകൻ, ജസ്റ്റിൻ, അനീഷ്, ജോ വിൻ, ജയരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.