കുമരകം: വിദ്യാർഥിനിയായ പ്രണയിനിക്കു സമ്മാനം നൽകാനെത്തിയ യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നു തടഞ്ഞുവച്ചു.
അയ്യമ്മാത്രയുള്ള പെൺകുട്ടിയുടെ വീടിനു സമീപം കുമരകം സ്വദേശിയും 24 കാരനുമായ യുവാവിനെ കണ്ട അയൽവാസി പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടിച്ചു വച്ചത്.യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നെന്നും പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ ഇതിൽ നിന്നും വിലക്കിയിരുന്നതായും പറയപ്പെടുന്നു.
പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പിന്നീടാലോചിക്കാമെന്ന നിലപാടിലായിരുന്നു ഇരുവീട്ടുകാരുമെന്നും പറയപ്പെടുന്നു.യുവാവ് കൈയിൽ കരുതിയ കീ ചെയിൻ സമ്മാനിക്കാനാണ് എത്തിയതെന്നും അയൽവാസിയെ കണ്ടതോടെ യുവാവ് പരുങ്ങി നിന്നതാണ് പ്രശ്നമായതെന്നും കുമരകം പോലീസ് പറയുന്നു.
സമീപവാസികൾ അറിയിച്ചതനുസരിച്ച് കുമരകം എസ്ഐ ജി.രജൻകുമാറിന്റെ നേതൃത്വത്തിൽ കുമരകം പോലീസെത്തി യുവാവിനെ സ്റ്റേഷനിലെത്തിച്ചു. രക്ഷകർത്താക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകി യുവാവിനെ വിട്ടയച്ചു.