പയ്യന്നൂര്‍: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാറും കമിതാക്കളും പോലീസിന്റെ പിടിയിലായി. വയനാട്ടിൽ നിന്നു വരവേയാണു മാതമംഗലം പറവൂരിലെ സ്വകാര്യ ബസ് ക്ലീനറായ 25 കാരനും പാണപ്പുഴയിലെ വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ 33 കാരിയും പോലീസിന്റെ പിടിയിലായത്.
ഇന്നു പുലര്‍ച്ചെയാണു 3.30 ഓടെയായിരുന്നു സംഭവം. പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളുടെ മാതാവാണു ബസ് ക്ലീനറുടെ കൂടെ വയനാട്ടിൽ പോയി തിരിച്ചെത്തിയത്. ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്നാണു യുവതി പോലീസിനോടു പറഞ്ഞത്. ഭര്‍ത്താവിന്റെ അമ്മയും യുവതിയും മക്കളും മാത്രമായി വേറെ വീട്ടിലാണു താമസമെന്നും അതിനിടയിലാണു യാത്ര പോയതെന്നും യുവതി പറയുന്നു.
യുവാവിന്റെ സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. മടക്കയാത്രയില്‍ കാറിൽ ഇന്ധനമടിക്കാനായി പയ്യന്നൂര്‍ പെരുമ്പയിലെത്തിയ ഇവരെകണ്ടു പോലീസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നു പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കുറ്റത്തിനു പോലീസ് കേസെടുത്തു.