കൊച്ചി: കതൃക്കടവിൽ ബാറിനടുത്തു സിനിമാ നിർമാതാവ് സുബൈറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവരവേ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. ഗാന്ധിനഗർ കമ്മട്ടിപ്പാടം ചെറുതോട്ടിൽ ഫ്രെഡി ബാബു ആൽബർട്ടിനെ (ഫ്രെഡി-22) ആണു ടൗണ്‍ നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ ഇന്നലെ പിടികൂടിയിരുന്നത്.
തമ്മനം ഭാഗത്ത് ഫ്രെഡി ഉണ്ടെന്ന വിവരത്തെത്തുടർന്നു പോലീസ് സംഘമെത്തിയെങ്കിലും മതിൽ ചാടി കടന്നു രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നു ബലപ്രയോഗത്തിലൂടെയാണു പോലീസ് പ്രതിയെ കീഴടക്കിയത്. എസ്ഐ എം.എൻ. സുരേഷ്, എഎസ്ഐ എൻ.ഐ. റഫീഖ്, സിപിഒമാരായ അനീഷ്, അനൂപ് എന്നിവരാണു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 29നു രാത്രി ഒന്‍പതിനാണു കതൃക്കടവിലെ ബാറിൽ പത്തംഗ സംഘം മദ്യപിച്ച് അക്രമം നടത്തിയത്. പതിനായിരത്തോളം രൂപയുടെ ബിയർ അകത്താക്കിയ സംഘം ബഹളമുണ്ടാക്കുകയും ജീവനക്കാരെ വെല്ലുവിളിക്കുകയുംചെയ്തു. ഇക്കാര്യം പോലീസിനെ അറിയിക്കുമെന്നു പറഞ്ഞതോടെ ജീവനക്കാരെ മർദിച്ചു.
ഈ സംഭവങ്ങൾ നടക്കുന്പോൾ തൊട്ടടുത്ത ലോഡ്ജിൽ തന്റെ പുതിയ സിനിമയുടെ കാര്യങ്ങൾ മറ്റു പ്രവർത്തകരുമായി സംസാരിച്ച് നിൽക്കുകയായിരുന്നു നിർമാതാവ് സുബൈർ. ഇരുന്പ് സൈൻ ബോർഡ് കൊണ്ടു അക്രമിസംഘം സുബൈറിന്റെ തലയ്ക്കടിച്ചു. അടിയേറ്റു വീണ സുബൈറിന്റെ ബോധം പോയി. വീഴ്ചയിൽ മുൻനിരപല്ലുകളും നഷ്ടമായി.
ബാറിലെ സിസിടിവി കാമറ ദൃശ്യങ്ങളിൽനിന്നാണു പ്രതികളുടെ രൂപരേഖ തയാറാക്കിയത്. കൊല്ലം സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെയും പ്രതികൾ ഇരുന്പ് പൈപ്പ്കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. കേസിലുൾപ്പെട്ടെ മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.