കൊട്ടാരക്കര : ആഡംബര ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ഒന്നേ കാൽ കിലോ കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.അടൂർ ഏനാദി മംഗലം മാരൂർ ചേന വിള പുത്തൻ വീട്ടിൽ അഖിൽ എസ് വിജയൻ (25), പട്ടാഴി വടക്കേക്കര കടുവത്തോട് ഷീന മൻസിലിൽ മുഹമ്മദ് സിയാദ് (23)എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി 11. 30 ഓടെ കലയപുരം അന്തമൻ ജിഡബ്ല്യുഎൽപിഎസിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ ചീറി പാഞ്ഞ യൂവാക്കളെ അതി സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.
കൊട്ടാരക്കര ഭാഗത്ത് നിന്നും പട്ടാഴി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു ഇവർ. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചു ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതി. ഫ്ലൈ എന്നാണ് ഇവരുടെ കഞ്ചാവിന്റെ വിളി പേര്. പിടികൂടിയ കഞ്ചാവിന് അൻപതിനായിരം രൂപ വിപണിയിൽ മൂല്യമുണ്ട്. പിടിയിലായ അഖിൽ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്.
പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര എക്സൈസ് സിഐ വി. റോബെർട്ടിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മാരായ പ്രേം നസിർ, രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ മാരായ അനിൽ കുമാർ, സജി മോൻ, ബാബു, ഗിരീഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.