ചിറ്റൂർ: പൊള്ളാച്ചിയിൽനിന്നും പാലക്കാട്ടേയ്ക്ക് വന്ന സ്വകാര്യ ബസിൽനിന്നും വാഹന പരിശോധനയ്ക്കിടെ ഒളിപ്പിച്ചു കൊണ്ടുവന്ന 900 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ആസാം നൗഗാം സ്വദേശി സജാദൽ (26) ആണ് പിടിയിലായത്.ചിറ്റൂർ എക്സൈസ് റേഞ്ച് ഓഫീസും പോലീസും ചേർന്നു ഞായറാഴ്ച വൈകുന്നേരം 8.30നായിരുന്നു വാഹനപരിശോധന.
പിടികൂടിയ കഞ്ചാവിന് ഒരുലക്ഷത്തോളം രൂപ വിലവരുമെന്ന് പ്രതി എക്സൈസ് അധികൃതർക്കു മൊഴിനല്‍കി. പട്ടാന്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചില്ലറ വില്പനയ്ക്കായാണ് കഞ്ചാവു കൊണ്ടുവന്നത്.
ഇതിനുമുന്‍പും കഞ്ചാവ് കടത്തിയതിനു പ്രതിക്കെതിരേ കേസുണ്ട്. ചിറ്റൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാജി, പ്രിവന്റീവ് ഓഫീസർമാരായ സാഹിദ്, ഷൗത്തക്കലി, സിഇഒ അഖിൽ, ചിറ്റൂർ പോലീസ്, സിപിഒ മാരായ അബുതാഹിർ, സുജിത്ത്, ഡ്രൈവർ കൃഷ്ണകുമാർ എന്നിവരാണ് കഞ്ചാവു പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.