ചാലക്കുടി: ഒന്നരക്കിലോ കഞ്ചാവുമായി കൗമാരക്കാരൻ പോലീസ് പിടിയിലായി. നായത്തോട് സ്വദേശിയായ 17കാരനെയാണ് സിഐ വി.ഹരിദാസ്, എസ് ഐ ജയേഷ് ബാലൻ എന്നിവർ ചേർന്ന് പിടികൂടിയത്. സ്കൂൾപഠനശേഷം കഞ്ചാവ് വില്പന തൊഴിലാക്കി മാറ്റിയിരുന്നു. കഞ്ചാവിനു പുറമെ കൂടുതൽ ലഹരിക്കായി ഉപയോഗിക്കുന്ന നൈട്രോസൻ അടങ്ങിയ ലഹരി ഗുളികകളും (വട്ടുഗുളിക) ഇയാൾ വിറ്റിരുന്നു. സ്കൂൾ പഠനകാലത്തുതന്നെ കഞ്ചാവ് ഉപയോഗം തുടങ്ങി.
അങ്കമാലി, പെരുന്പാവൂർ, നെടുന്പാശേരി മേഖലകളിൽ യുവാക്കളുടെ ഇടയിൽ “മച്ചാൻ’ എന്ന് അറിയപ്പെട്ടിരുന്ന ഇയാളെ കുറച്ചുദിവസങ്ങളായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഗവ. ആശുപത്രി പരിസരത്ത് കഞ്ചാവ് കൈമാറാൻ എത്തിയപ്പോൾ പോലീസിനെകണ്ട് ബൈ ക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
ആഡംബര ബൈക്കുകൾ വാടകയ്ക്കെടുത്താണു വില്പനയ് ക്കായി നടന്നിരുന്നത്. ഫോണിൽ അറിയിച്ചാൽ എവിടെയും കഞ്ചാവ് എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി. മിന്നൽ വേഗത്തിൽ ബൈക്ക് ഓടിക്കുന്ന ഇയാളെ പിന്തുടർന്നുപിടിക്കുക എളുപ്പമല്ലെന്ന് പോലീസ് പറഞ്ഞു.
ചാലക്കുടിയിൽ കുറച്ചുനാളുകളായി കഞ്ചാവ് വേട്ട ശക്തമാക്കിയിരുന്നു. കഞ്ചാവ് വില്പനക്കാരെയും വലിക്കുന്ന നിരവധി പേരെയും പോലീസ് പിടികൂടിയിരുന്നു. പലരും നിരീക്ഷണത്തിലുമാണ്. പോലീസിനെ ഭയന്ന് ഇവിടെ വില്പന നടത്തിയിരുന്ന സംഘങ്ങൾ വില്പന നിറുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് 17 കാരൻ ചാലക്കുടിയിൽ കഞ്ചാവ് എത്തിക്കാൻ തുടങ്ങിയത്.
കുറച്ചുദിവസംമുന്പ് ഇയാളെ പോലീസ് വളഞ്ഞെങ്കിലും കൈ വശം കഞ്ചാവ് ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു.എഎസ്ഐ ഷാജു എടത്താടൻ, സിപിഒ എ.യു. റെജി, രാജേഷ് ചന്ദ്രൻ, മനോജ് മുണ്ടക്കൽ, കെ.പി. പ്രവീണ്, ഹോംഗാർഡ് ജോസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.