അടൂര്‍: രണ്ട് യുവതികള്‍ ഉള്‍പ്പടെ നാലംഗ സംഘം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍. പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് മദ്യപിച്ച് വാഹനം ഓടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലുമായി.
അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഇന്നലെ നാലുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
രണ്ട് മുറികളില്‍ നിന്ന്
താമരക്കുളം ചാവടി കാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിയ്ക്കല്‍ കെ.പി. ഷൈന്‍ (27), തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് മുറികളില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ലഹരിവസ്തുക്കള്‍ എവിടെനിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് എക്സൈസ് ഇവരെ ചോദ്യം ചെയ്തു.
സിഐ കെ.പി. മോഹനന്, ഇന്‍സ്പെക്ടര്‍ ബിജു എം. ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിനിടെ മഫ്തിയിലെത്തിയ ഒരു എക്സെസ് ഉദ്യാഗസ്ഥന് ഫ്ളാറ്റിലെ സ്വകാര്യ സ്ഥാപനം നടത്തുന്നവരോട് അപമര്യാദയായി പെരുമാറിയത് വാക്കേറ്റത്തില്‍ കലാശിച്ചു.
ഇയാള്‍ മദ്യപിച്ചെന്നാരോപിച്ച് ഫ്ളാറ്റിലെ മറ്റുള്ളവര്‍ സംഘംചേര്‍ന്ന് എക്സൈസ് സംഘത്തിനു നേരെ തിരിഞ്ഞു. ഇതിനിടെ ഇയാളെ എക്സൈസ് വാഹനത്തില്‍ കയറ്റിയിരുത്തിയത് ഫ്ളാറ്റിലെ യുവാക്കളെ പ്രകോപിപ്പിച്ചു. ഇതോടെ ഇവര്‍ എക്സൈസ് വാഹനം പോകാന്‍ അനുവദിക്കാതെ ഗേറ്റ് പൂട്ടി.
കേസെടുത്തു
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ പോലീസ് ഗേറ്റ് തുറന്ന് ഉള്ളില്‍ കയറി മദ്യപിച്ചെന്ന് പറഞ്ഞ് യുവാക്കള്‍ തടഞ്ഞുവച്ച ഹുസൈന് അഹമ്മദിനെ (46) പോലീസ് ജീപ്പില്‍ കയറ്റി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ഫളാറ്റിലുണ്ടായിരുന്ന ജിത്തുവിന്റെ പരാതിയില്‍ എക്സൈസ് ജീവനക്കാരന് ഹുസൈന് അഹമ്മദിനെതിരേ കേസെടുത്തതായി അടൂര്‍ പോലീസ് അറിയിച്ചു.