വടകര: വടകരയിൽ പതിവായി കഞ്ചാവ് വിതരണം ചെയ്യുന്നവരിൽ പ്രധാനി എക്സൈസ് പിടിയിൽ. ചൊക്ലി പന്ന്യന്നൂർ അസ്കറാണ് (54) അറസ്റ്റിലായത്. ഇയാളിൽ നിന്നു 50 ഗ്രാമിന്റെ പതിനാറു പൊതി കഞ്ചാവ് പിടിച്ചെടുത്തു. ദേശീയപാതയിൽ നാരായണനഗറിൽ നിന്നാണ് പ്രതി വലയിലായത്. ആവശ്യക്കാരനെന്ന വ്യാജേന സമീപിച്ച ശേഷം എക്സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
ഇയാൾ എത്തിയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സഹകരണാശുപത്രിക്കു സമീപത്തെ ഐശ്വര്യ ലോഡ്ജിൽ മുറിയെടുത്ത് വടകര മേഖലയിൽ കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു ഇയാളെന്ന് എക്സൈസ് അറിയിച്ചു. ഈ മേഖലയിലെ മൂന്നു പേർക്കാണ് ഇയാൾ കഞ്ചാവ് മൊത്തമായി വിതരണം ചെയ്തിരുന്നത്.
പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളാണ് ആവശ്യക്കാരെന്നും ചെന്നൈയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും പറയുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സുരേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രമോദ് പുളിക്കൂൽ, കെ.ഗണേഷ്, കെ.കെ.രാജേഷ്കുമാർ, ഡ്രൈവർ മധു എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.