കോട്ടയം: എരുമേലിയിൽ ഇന്നലെ അറസ്റ്റിലായ കഞ്ചാവ് മൊത്ത ക്കച്ചവടക്കാരിൽ നിന്ന് ഏതാനും കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ഒന്നര കിലോഗ്രാം കഞ്ചാവുമായി കനകപ്പലം വയലിൽ ലൈജു (31), റാന്നി ചെല്ലക്കാട് വള്ളിക്കാലായിൽ ദിലീപ് (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എരുമേലി, കനകപ്പലം, ശ്രീനിപുരം പ്രദേശങ്ങളിലെ ഏതാനും കഞ്ചാവ് കച്ചവടക്കാരുടെയും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ ലഭിച്ചത്. ചെറുകിട കച്ചവടക്കാരുടെ ഫോണ് നന്പർ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവരെ മഫ്തി പോലീസ് നിരക്ഷിച്ച് പിടികൂടാനുള്ള പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കഞ്ചാവു വിൽപനക്കാരെ വേഷം മാറിയ പോലീസ് പിൻതുടർന്ന് ഇവരുടെ നീക്കങ്ങൾ ശ്രദ്ധിച്ച ശേഷം അറസ്റ്റു ചെയ്യാനാണ് നീക്കം. എരുമേലി-റാന്നി റോഡിൽ കരിന്പിൻതോട് ഭാഗത്തു നിന്നാണ് കഞ്ചാവ് കച്ചവടക്കാരെ എരുമേലി എസ്ഐ എം. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
കഞ്ചാവുകാരെക്കുറിച്ച് ലഭിച്ച വിവരമനുസരിച്ച് ഏതാനും ദിവസങ്ങളായിപോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കോളജ് വിദ്യാർഥികൾക്കും ചില കോളനി പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപനയെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.