തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരേ കിള്ളിപ്പാലത്ത് ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പ്രതികളായ രണ്ടുപേർ അറസ്റ്റിലായി. മണക്കാട് കുന്നുംപുറം യോഗീശ്വരാലയം വീട്ടിൽ രജീഷ് (22) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
ഓടി രക്ഷപ്പെട്ട രണ്ടു പേർക്കായി തെരച്ചിൽ ഊർജിതമാക്കി. അഞ്ചു കിലോ കഞ്ചാവ്, മയക്കുമരുന്നുകളായ എംഡിഎംഎ, മൂന്ന് എയർ പിസ്റ്റലുകൾ, വെട്ടുകത്തി എന്നിവ പോലീസ് പിടിച്ചെടുത്തു.
പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് കിള്ളിപ്പാലത്തുളള കിള്ളി ടൂറിസ്റ്റ്ഹോമിൽ രാവിലെ 11.20 ഓടെ റെയ്ഡിനെത്തിയത്. പോലീസ് എത്തിയതോടെ നാടൻ പടക്കമെറിഞ്ഞശേഷം രണ്ടുപേർ ബാൽക്കണി വഴി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യംമൂലം സിറ്റിയിൽ അടുത്തിടെ പല കൊലപാതകങ്ങൾ നടന്നു. ഇതേ തുടർന്നാണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സ്പെഷൽ ടീം അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. ഇതേ തുടർന്നാണ് നാർക്കോട്ടിക് സെൽ ടീം, കരമന പോലീസ് എന്നിവർ സംയുക്തമായി റെയ്ഡ് നടത്തിയത്.
റെയ്ഡിന് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, ഫോർട്ട് എസിപി ഷാജി എന്നിവരുടെ നേതൃത്വത്തിൽ കരമന എസ്എച്ച്ഒ ബി. അനീഷ്, എസ്ഐമാരായ മിഥുൻ, അശോക് കുമാർ, ബൈജു. വിൽഫ്രഡ് ജോ എന്നിവരും പോലീസുകാരായ വിനോജ്, സുജിത്, ശ്രീനു എന്നിവരും ആന്റി നാർക്കോട്ടിക് സെൽ ടീം അംഗങ്ങളായ സജികുമാർ ,വിനോദ്, രഞ്ജിത്, പ്രശാന്ത്, ലജൻ എന്നിവരും പങ്കെടുത്തു.