കഴക്കൂട്ടം: പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെയും സഹായികളായ മൂന്നുപേരെയും കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ പെരുമാതുറ ഒറ്റപ്പന തെരുവിൽ തൈവിളാകം വീട്ടിൽ കഞ്ചാവ് നിസാർ എന്നുവിളിക്കുന്ന നിസാർ (40), അഴൂർ മുട്ടപ്പലം കയർഫാക്ടറിക് സമീപം പുത്തൻ ചരുവിളവീട്ടിൽ നബീൽ(23), മാടൻവിള എസ്ഐ യുപിഎസിന് സമീപം പാട്ടുവിളാകം വീട്ടിൽ ജഹാസ്(21), പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ബഷീറാ(58) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം ഒറ്റപ്പന കടൽതീരത്ത് മാരകായുധമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ ആക്രമിക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന വിവരം അറിഞ്ഞ് എത്തിയ പോലീസുകാരെ നിസാർ ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ മൽപ്പിടുത്തോടെ കീഴ്പ്പെടുത്തി വിലങ്ങിട്ട് ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് നിസാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രതികൾ ചേർന്ന് മൂന്ന് പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ഇതിനിടയിൽ വിലങ്ങുമായി നിസാർ രക്ഷപ്പെടുകയായിരുന്നു. അന്ന് രാത്രി തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ കട്ടർ ഉപയോഗിച്ച് കൈവിലങ്ങ് അറുത്തുമാറ്റി നിസാർ ഒളിവിൽപോയെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിലും മധുരയിലും മറ്റു സ്ഥലങ്ങളിലും ഒളിവിലായിരുന്ന നിസാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. നിസാർ നൽകിയ സൂചനയനുസരിച്ചാണ് മറ്റ് പ്രതികളും പിടിയിലായത്. പൊട്ടിച്ച കൈവിലങ്ങ് നിസാറിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പെരുമാതുറ ഒറ്റപ്പന പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പന നടുത്തുന്നയാളാണ് നിസാർ. മധുരയിൽ കഞ്ചാവ് വാങ്ങാൻ പോകാൻ മാടൻവിളയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പണം വാങ്ങാൻ വരുമെന്ന പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഇയാൾ വലയിലായത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേർ പോലീസ് പിടിയിലായിട്ടുണ്ട്. കടയ്ക്കാവൂർ സിഐ മുകേഷ്, കഠിനംകുളം എസ്ഐ ബിനീഷ് ലാൽ എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.