ചാത്തന്നൂർ: ചാത്തന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്ഡിൽ അനധികൃത മദ്യ വില്പന നടത്തിയ മൂന്ന് പേരെയും കഞ്ചാവ് വില്പന കേസിൽ ഏഴു പേരെയും അറസ്റ്റ് ചെയ്തു. ഇതിൽ മദ്യ വില്പന നടത്തുകയായിരുന്ന ഇളമ്പളളൂർ കല്ലിംഗൽ മഞ്ജു ഭവനിൽ മനോജ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു.
കൊട്ടിയം തഴുത്തല ജംഗ്ഷനു സമീപം വിദേശ മദ്യം വില്ക്കുകയായിരുന്നു തഴുത്തല വിളയിൽ പുത്തൻവീട്ടിൽ സന്തോഷ്(44),പരവൂർ പൂതക്കുളം തെങ്ങുവിള കോളനിക്ക് സമീപം മാടൻ കാലയിൽ വീട്ടിൽ ലത (48),കഞ്ചാവ് കൈവശം വച്ച് വില്പന നടത്തിയതിന് ആദിച്ചനല്ലൂർ പ്ലാക്കാട് തൊടിയിൽ വീട്ടിൽ ഷാഫി(20),സുബിത ഭവനിൽ സുബിൻ (24),വർക്കല ചെമ്മരുത്തി വാളാഞ്ചിവിള തൊടിയിൽ കല്ലുവിളവീട്ടിൽ മനു(29),നാവായിക്കുളം തെക്കേവിള വീട്ടിൽ ബൈജു,അയിരൂർ പുത്തൻവീട്ടിൽ ശംഭു(24),മൂലഭാഗം ദേശത്ത് ശ്രീകലാ നിലയം വീട്ടിൽ സുരാജ്(24),പരവൂർ കുറുമണ്ടൽ(ബി) രതീഷ് (23)എന്നിവരാണ് അറസ്റ്റിലായത്.
വിവിധ കേസുകളിലായി 40 ലിറ്റർ വിദേശ മദ്യം പിടിച്ചെടുക്കുകയും മാരുതി കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.നെടുമ്പന പുത്തൻചന്ത മോതീൻ മുക്ക് റോഡിൽ മദ്യം ശേഖരിച്ച് വച്ച് വില്പന നടത്തിയ മാരുതി കാറാണ് കസ്റ്റഡിയിൽ എടുത്തത്.
ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എസ്.നിജുമോന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ വിജയകൃഷ്ണൻ,വിധുകുമാർ,ജോൺ, അരുൺ, സിജിൻ,നഹാസ്,ബിജോയ്,വിഷ്ണു സജീവ്,സുനിൽ കുമാർ, ഷെഹിൻ, ജ്യോതി,ശ്യാംകുമാർ,ബിന്ദുലേഖ,സൂര്യ എന്നിവരും പങ്കെടുത്തു.