ഡാളസ്: എട്ടു മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡാളസിലെ കോളനി സിറ്റിയിലെ വെർഡിയാന അര്‍വേലൊ (23) എന്ന യുവതിയെ 19 കാരനായ എഡ്വേർഡോ അർവേലൊയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.
ഡിസംബർ 16 മുതൽ കാണാതായ വെർഡിയാനയുടെ മൃതദേഹം ഡിസംബർ 22 നാണ് പോലീസ് കണ്ടെത്തിയത്. സോഫയിൽ ഇരിക്കുകയായിരുന്ന യുവതിയെ കഴുത്തു ഞെരിച്ചാണു സഹോദരൻ കൊലപ്പെടുത്തിയത്. തന്നെ ശല്യം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാനാണ് എഡ്വേർഡോ കൊലപാതകം നടത്തിയതെന്നാണു പോലീസ് നൽകുന്ന വിശദീകരണം. കൊലപാതകം ആത്മഹത്യയാക്കി തീർക്കുന്നതിന് ഇയാൾ തന്നെ എഴുതിവച്ചിരുന്ന ആത്മഹത്യക്കുറിപ്പ് പോലീസിനു ലഭിച്ചു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപമുള്ള ഒരു വയലിൽ മറവു ചെയ്തു. പിന്നീട് മൃതദേഹം അവിടെ നിന്നും എടുത്തു മാറ്റി.
എഡ്വേർഡോ ഇത്തരത്തിലൊരു കൃത്യം നടത്തുവാൻ തയാറാകില്ലെന്നും വെർഡിയാന ബീച്ചുകളിൽ സമയം ചെലവഴിക്കുന്നതിൽ തൽപരയായിരുന്നുവെന്നും മറ്റൊരു സഹോദരൻ സീഗൊ അർവേലൊ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ