ചക്കിട്ടപാറ: കരിഞ്ചന്തയിൽ വിൽക്കാനായി മദ്യക്കുപ്പികളുമായി ചക്കിട്ടപാറ ടൗണിനു സമീപമുള്ള മൈതാനത്ത് എത്തിയ ലഹരി ഏജന്റ് ജനകീയ സമിതിയുടെ പിടിയിൽ.
മേലിൽ ലഹരി വിൽപ്പന പാടില്ലെന്നു താക്കീത് നൽകി വിട്ടയക്കപ്പെട്ട ഇയാൾ സമീപത്തെ കടയുടെ പിന്നാമ്പുറത്ത് വെച്ച് മദ്യം വിൽക്കുന്നതിനിടയിൽ പോലീസ് ഓടിച്ചിട്ടു പിടിച്ചു.
കഴിഞ്ഞ ദിവസം ചക്കിട്ടപാറ ടൗണിലാണു സംഭവം. സാമൂഹ്യവിരുദ്ധ വിളയാട്ടത്തിനെതിരെ ഇവിടെ ഒരു പറ്റം യുവാക്കൾ രംഗത്തു വന്നതോടെയാണു ലഹരി വിൽപ്പന ഏജന്റുമാരുടെയും പരസ്യ മദ്യപാനികളുടെയും ശനിദശ തുടങ്ങിയത്.
നാട്ടുകാർക്കു വലിയ ശല്യമാണു ഇവർ സൃഷ്ടിച്ചു കൊണ്ടിരുന്നത്. യുവാക്കളെ ലഹരിക്കടിമകളാക്കുന്ന, കഞ്ചാവുൾപ്പടെ ലഹരി വസ്തുക്കൾ പുറമെ നിന്നു സുലഭമായി എത്തിക്കുന്ന ഏജന്റുമാരെയും ജനകീയ സമിതി നോട്ടമിട്ടിട്ടുണ്ട്.
കല്യാണ വീടുകളുടെ പരിസരം കേന്ദ്രമാക്കി വാഴുന്ന ലഹരി മാഫിയകളെയും പുള്ളിവെട്ടു ചീട്ടുകളിക്കാരെയും അമർച്ച ചെയ്യാനും പദ്ധതിയുണ്ട്.
ടൗണിൽ നിന്നു മാറി ബിഎഡ് കോളജ് റോഡിലാണു ലോബി കേന്ദ്രീകരിച്ചിരിക്കുന്നത്.
പോലീസിനോടൊപ്പം എക്സൈസും പഞ്ചായത്തും ഉണർന്നാൽ ലഹരിയുടെ പിടിയിൽ നിന്നു നാടിനെ മോചിപ്പിക്കാമെന്നാണു ജനകീയ സമിതി അഭിപ്രായപ്പെടുന്നത്.